Sunday, October 08, 2006

മോറിയോടൊപ്പമുള്ള ചൊവ്വാഴ്ചകള്‍

എനിക്ക്‌ എല്‍.പി.സ്‌കൂളില്‍ ഒരധ്യാപികയുണ്ടായിരുന്നു. അമ്മിണിയമ്മ ടീച്ചര്‍. വല്ലാത്ത സ്നേഹവതി ആയിരുന്നു ടീച്ചര്‍. പൂവിടരുന്നപോലെ മുഖം മുഴുവന്‍ നിറയുന്ന ചിരിയാണ്‌ അമ്മിണിയമ്മ ടീച്ചറെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വന്നുനിറയുന്നത്‌. ശനിയാഴ്ചകളിലും ഞയറാഴ്ചകളിലും വീട്ടില്‍ നിന്ന് അനുവാദം വാങ്ങി അമ്മിണിയമ്മ ടീച്ചറിന്റെ വീട്ടില്‍ പോകുമായിരുന്നു. ടീച്ചറിന്റെ മുറ്റത്ത്‌ നിറയെ ചാമ്പയും പേരയും ആത്തയും ലെവലോലിയും മള്‍ബറിയും പാഷന്‍ ഫ്രൂട്ടും ഒക്കെയാണ്‌. ഞങ്ങളതിലൊക്കെ കുട്ടുക്കുരങ്ങന്മാരെപ്പോലെ ചാടിക്കയറി ഓരോന്ന് കൊതിയോടെ പറിച്ചു തിന്നും. ടീച്ചറിന്റെ ഭര്‍ത്താവ്‌ മറ്റൊരു സ്‌കൂളിലെ അധ്യാപകനാണ്‌. ഞങ്ങള്‍ ചെന്നാല്‍ അദ്ദേഹം വീടിന്റെ തിണ്ണയില്‍ വന്നിരുന്ന് ഞങ്ങളുടെ ഈ പ്രാന്തത്തരങ്ങള്‍ കണ്ടുരസിക്കും. ഒടുവില്‍ ഞങ്ങളോട്‌ ചില കുസൃതിച്ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യും. മിക്കപ്പോഴും കടംകഥകള്‍. ഞങ്ങള്‍ക്ക്‌ ഉത്തരം അറിയില്ലെങ്കില്‍ നിങ്ങളും നിങ്ങളുടെ ടീച്ചറെപ്പോലെ മണ്ടന്മാരാണോ എന്ന് അദ്ദേഹം കളിയാക്കാറുണ്ടായിരുന്നു. മുഴുവന്‍ സന്തോഷം നിറഞ്ഞ ഒരു വീട്‌ എന്നാണ്‌ എനിക്ക്‌ ആ വീടിനെപ്പറ്റി തോന്നിയിട്ടുള്ളത്‌. പിന്നെ ഒരിക്കല്‍ വളരെ യാദൃശ്ചികമായാണ്‌ ഞാന്‍ ആ വീടിന്റെ ചിരികള്‍ക്കുമേല്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന സങ്കടത്തെപ്പറ്റി അറിയുന്നത്‌ - ടീച്ചറിന്റെ ഏകമകള്‍ തളര്‍വാതം വന്ന് പൂര്‍ണ്ണമായും കിടപ്പിലായിരുന്നു! അതറിഞ്ഞതില്‍പ്പിന്നെ ഒരിക്കലും ഞാന്‍ ആ വീട്ടില്‍ പോയിട്ടില്ല. എന്താണെന്ന് എനിക്ക്‌ ഇപ്പോഴും അറിയില്ല. പക്ഷേ അമ്മിണിയമ്മ ടീച്ചറും ആ വീടും ഒരിക്കലും എന്റെ മനസില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല.
ഒരു നീണ്ട വിദ്യാഭ്യാസകാലത്തിന്റെ ചരിത്രവും ഓര്‍മ്മയും നമുക്കെല്ലാവര്‍ക്കുമുണ്ട്‌. ആ കാലത്തിനിടയില്‍ എത്രയധികം അധ്യാപകരാണ്‌ നമുക്ക്‌ വിജ്ഞാനം പകര്‍ന്നുതന്നുകൊണ്ട്‌ നമ്മെ കടന്നുപോയിട്ടുണ്ടാകുക. പക്ഷേ അതില്‍ എത്ര അധ്യാപകരെ നാം ഇന്ന് ഓര്‍മ്മിക്കുന്നു..? അതില്‍ എത്ര അധ്യാപകരുമായി നാം ഇന്നും ബന്ധപ്പെടുവാന്‍ ശ്രമിക്കുന്നു. ചിലപ്പോള്‍ ഉത്തരം ആരുമില്ല എന്നാവാം. ചിലപ്പോള്‍ ഒന്നോരണ്ടോ പേര്‍ ഉണ്ടായെന്നും വരാം. ഒരു നീണ്ട നിരയിലെ ബാക്കി അധ്യാപകര്‍ക്കൊക്കെ എന്താണ്‌ സംഭവിച്ചത്‌..? നാം എന്തുകൊണ്ട്‌ അവരെ ഓര്‍മ്മിക്കാതിരിക്കുന്നു..? ഉത്തരം ലളിതമാണ്‌. നിയതമായ പാഠ്യപദ്ധതികള്‍ക്കപ്പുറം മറ്റൊന്നും നമ്മില്‍ അവശേഷിപ്പിക്കുവാന്‍ അവര്‍ക്കായില്ല. നാം അതില്‍ ഒന്നോരണ്ടോ പേരെ ഓര്‍ക്കുന്നെങ്കില്‍ അതിനു കാരണം അവര്‍ പഠിപ്പിച്ച വിഷയമായിരിക്കില്ല, അവര്‍ നമുക്ക്‌ മറ്റേതെങ്കിലും വിധത്തില്‍ പകര്‍ന്നുതന്ന ചില ഓര്‍മ്മകളിലൂടെയോ വീക്ഷണങ്ങളിലൂടെയോ ആയിരിക്കണം അത്‌. അല്ലേ..?!
ഇപ്പോള്‍ ഈ ചിന്തകള്‍ എന്നില്‍ വന്നുനിറിയാന്‍ കാരണം അടുത്തിടെ വായിച്ചു തീര്‍ത്ത ഒരു പുസ്‌തകമാണ്‌. അതാണ്‌ - മോറിയോടൊപ്പമുള്ള ചൊവ്വാഴ്ചകള്‍ -
ഭാവിയില്‍ നിങ്ങളുടെ സുഹൃത്തുക്കളുടെ കൂട്ടത്തില്‍ എന്നെയും എണ്ണേണ്ടിവരും എന്ന് അധ്യാപനത്തിന്റെ ആദ്യദിവസം പറഞ്ഞ ഒരധ്യപകന്‍ നിങ്ങള്‍ക്കുണ്ടോ..? എല്ലാ സായംകാലത്തിലും നിങ്ങള്‍ക്കൊപ്പം കളിക്കുകയും ചിരിയ്ക്കുകയും നൃത്തംവയ്ക്കുകയും സന്തോഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്‌തിരുന്ന ഒരധ്യാപകന്‍..? നിനക്കൊരു കാമുകിയുണ്ടായോ എന്ന് ചോദിക്കാനും മാത്രം സൗഹൃദത്തിലേക്ക്‌ വളര്‍ന്ന ഒരധ്യാപകന്‍..? ഉണ്ടായിരുന്നെങ്കില്‍ അതൊരു സൗഭാഗ്യം തന്നെ ആയിരുന്നിരിക്കണം അല്ലേ..? അത്തരത്തിലുള്ള ഒരധ്യാപകനെക്കുറിച്ചുള്ള സജീവമായ ഓര്‍മ്മകളാണ്‌ അമേരിക്കയിലെ ഒന്നാം നമ്പര്‍ സ്പോര്‍ട്‌സ്‌ ലേഖകനായി അറിയപ്പെടുന്ന മിച്ച്‌ ആല്‍ബോം 'മോറിയോടൊപ്പമുള്ള ചൊവ്വഴ്‌ചകള്‍' എന്ന പുസ്‌തകത്തില്‍ നമ്മളുമായി പങ്കുവയ്ക്കുന്നത്‌.
വെറും കളിചിരികൊണ്ടും പഴഞ്ചന്‍ തമാശകള്‍കൊണ്ടുമല്ല മോറി അദ്ദേഹത്തിന്റെ കുട്ടികളുടെ മനസ്സ്‌ കവര്‍ന്നത്‌. ജീവിതത്തെ സംബന്ധിച്ച്‌ വ്യക്‌തമായ ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നുകൊടുക്കാന്‍ മോറി എന്നും ശ്രമിച്ചിരുന്നു. നിനക്ക്‌ കഴിയാവുന്നത്ര മനുഷ്യനായിരിക്കാന്‍ നീ ശ്രമിക്കുന്നുണ്ടോ..? എന്ന മോറിയുടെ ഒരു ചോദ്യം മാത്രം മതി അത്‌ സാധൂകരിക്കാന്‍.
കോളേജ്‌ ദിനങ്ങള്‍ കഴിഞ്ഞ്‌ നീണ്ട പതിനാറുവര്‍ഷങ്ങള്‍ക്കുശേഷം പഴയ അധ്യാപകനെ തേടിച്ചെല്ലുന്ന മിച്ചിനെയാണ്‌ നാം ആദ്യം ഈ പുസ്‌തകത്തില്‍ കാണുന്നത്‌. പക്ഷേ അപ്പോഴേക്കും മോറി 'അമിയോട്രോഫിക്‌ ലാറ്ററല്‍ സ്കെലോറൊസിസ്‌' എന്ന മാരകമായ ഞരമ്പുരോഗത്തിന്‌ അടിമയായി മരണത്തിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. പക്ഷേ അപ്പോഴും തന്നെ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കൊക്കെ ജീവിതത്തെ സംബന്ധിച്ച്‌ പുതിയ ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നുനല്‌കാനാണ്‌ മോറി ശ്രമിക്കുന്നത്‌. അങ്ങനെയാണ്‌ മോറി ഒരു അധ്യാപകന്‍ എന്ന നിലയില്‍ നിന്നും മഹാനായ ഒരു തത്വചിന്തകന്‍ എന്ന നിലയിലേക്ക്‌ ഉയരുന്നത്‌. മോറി പറയുന്നുണ്ട്‌ ' മിച്ച്‌, എനിക്കറിയാം ഞാന്‍ മരിച്ചുകൊണ്ടിരിക്കുകയണ്‌. പക്ഷേ ഞാനിപ്പോഴും നിരവധി ആളുകളുടെ സ്നേഹത്താല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ജീവിച്ചിരിക്കുന്ന എത്രപേര്‍ക്ക്‌ എന്നെപ്പോലെ അങ്ങനെ പറയാന്‍ കഴിയും..?'
ജീവിതത്തില്‍ നാം എന്തൊക്കെ നേടിയാലും സഹജീവികളുടെ സ്നേഹം നേടാനായില്ലെങ്കില്‍ പിന്നെ എന്ത്‌..? എന്നൊരു ചോദ്യമാണ്‌ മോറി ഇവിടെ ഉന്നയിക്കുന്നത്‌.
മോറി മരിക്കുംവരെയുള്ള പിന്നെത്തെ എല്ലാ ചൊവ്വാഴ്ചകളിലും മിച്ച്‌ 700 മെയില്‍ 'പറന്ന്' മോറിയെ കാണാന്‍ വരുമായിരുന്നു എന്നത്‌ ആ അധ്യാപകവിദ്യാര്‍ത്ഥി ബന്ധത്തിന്റെ ഊഷ്മളത വിളിച്ചു പറയുന്നു. എല്ലാ ചൊവ്വാഴ്ചകളിലും മോറി ജീവിതത്തെ സംബന്ധിച്ച വിവിധ ആശയങ്ങള്‍ മിച്ചുമായി പങ്കുവയ്ക്കുകയും ചെയ്യുമായിരുന്നു.
സാവധാനം മരിച്ചുകൊണ്ടിരിക്കുന്ന ഒരു സാധുമനുഷ്യന്റെ ദൈന്യതകള്‍കൊണ്ട്‌ സങ്കടം നിറയ്ക്കുന്നതാണ്‌ ഈ പുസ്‌തകത്തിലെ പലഭാഗങ്ങളും. ഒരു ദിവസം നിറയെ ആഹാരങ്ങളും വാങ്ങി മിച്ച്‌ മോറിക്കരുകിലെത്തുമ്പോള്‍ അദ്ദേഹം ആഹാരം കഴിക്കാനാവാത്തവിധം പരിക്ഷീണിതനായിപ്പോയിക്കഴിഞ്ഞിരുന്നു.
സ്വന്തം ജീവിതാവസ്ഥയെ ഓര്‍ത്ത്‌ സങ്കടം തോന്നാറില്ലേ..? മിച്ചിന്റെ ഒരു ചോദ്യം.
രാവിലെ എഴുനേല്‌കുമ്പോള്‍ ഞാന്‍ എന്റെ അവയവങ്ങള്‍ ഓരോന്നായി ചലിപ്പിക്കാന്‍ നോക്കും. എന്തിന്റെയൊക്കെ പ്രവര്‍ത്തനങ്ങള്‍ നിലച്ചുകഴിഞ്ഞു എന്നറിയാന്‍ - മോറി പറഞ്ഞതാണ്‌ - അന്നേരം മാത്രം ഞാന്‍ എനിക്കുവേണ്ടി അല്‌പം ദുഃഖിക്കും. എന്നാല്‍ ഉടന്‍ തന്നെ ഞാന്‍ എന്നില്‍ അവശേഷിക്കുന്ന നല്ല കാര്യങ്ങളെ ഓര്‍ത്ത്‌ സന്തോഷിക്കും. ഏത്‌ സമയത്തും സന്തോഷത്തോടെ ജീവിതത്തിന്‌ യാത്ര പറയാന്‍ ഞാന്‍ തയ്യാറായിരിക്കുന്നു. എല്ലാവരും എന്നെപ്പോലെ അത്ര ഭാഗ്യവാന്മാരല്ല!
ഭാഗ്യവാന്‍..?! മിച്ച്‌ അതിശയിക്കുന്നുണ്ട്‌. അതെ മോറി അങ്ങനെതന്നെയാണ്‌ പറഞ്ഞത്‌. ഇതാണ്‌ മോറി എന്ന മനുഷ്യന്റെ/ മോറി എന്ന അധ്യാപകന്റെ ജീവിതത്തിനോടുള്ള അനുകൂലഭാവം!. ഒരു ചെറിയ സങ്കടത്തില്‍ നിരാശയിലേക്കും ആത്മഹത്യയിലേക്കും നീങ്ങുന്ന മലയാളി മനസ്സ്‌ ഈ വാക്കുകള്‍ രണ്ടുവട്ടം വായിച്ചു ഗ്രഹിക്കേണ്ടതുണ്ട്‌!
ഒരു ദിവസം മിച്ച്‌ ചെല്ലുമ്പോള്‍ മോറി വളരെ സങ്കടപ്പെട്ടിരിക്കുകയാണ്‌. മുന്നില്‍ ന്യൂസ്‌പേപ്പര്‍ കിടപ്പുണ്ട്‌. കാര്യമന്വേഷിക്കുമ്പോഴാണ്‌ അറിയുന്നത്‌, ബോസ്‌നിയയിലെ ആഭ്യന്തരകലാപവും അവിടുത്തെ ജനങ്ങളുടെ അവസ്ഥയും ഓര്‍ത്താണ്‌ ഈ സങ്കടം. മിച്ചിന്‌ ആത്മനിന്ദ തോന്നുന്ന നിമിഷങ്ങളിലൊന്നാണിത്‌. മിച്ച്‌ പറയുന്നു, എന്റെ തൊഴിലിന്റെ ഭാഗമായി (പത്രപ്രവര്‍ത്തനം) എനിക്ക്‌ നിരവധി കഷ്ടപ്പെടുന്നവരുടെ അഭിമുഖങ്ങള്‍ നടത്തേണ്ടി വന്നിട്ടുണ്ട്‌. നിരവധി പ്രമുഖരുടെ ശവസംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്‌. ധാരാളം ദുഃഖകരമായ അവസ്ഥകള്‍ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടി വന്നിട്ടുണ്ട്‌. ഒരിക്കലും ഞാന്‍ കരഞ്ഞിട്ടില്ല. പക്ഷേ നോക്കൂ ഈ അര്‍ദ്ധമൃതനായ ഈ മനുഷ്യന്‍ ലോകത്തിയെയോര്‍ത്ത്‌, ബോസ്‌നിയയെ ഓര്‍ത്ത്‌ സങ്കടപ്പെടുന്നു.
ഇതായിരുന്നു മോറിയുടെ സമസൃഷ്ടികളോടുള്ള നിലപാട്‌! അതാണ്‌ മോറിയെ ഒരു സാധാരണ അധ്യാപകന്‍ എന്ന നിലയില്‍ നിന്നും ഓര്‍മ്മിക്കപ്പെടേണ്ട വ്യക്‌തിയായി മാറ്റുന്ന ഘടകം!
തികച്ചും ദരിദ്രമായ ഒരു അവസ്ഥയിലൂടെയാണ്‌ മോറിയുടെ ബാല്യം കടന്നുപോയിട്ടുള്ളത്‌. ചെറുതിലേ നഷ്ടപ്പെട്ട അമ്മ, ജോലിയൊന്നുമില്ലാത്ത അച്ഛന്‍. ദുരിതം, കഷ്ടപ്പാട്‌, ദാരിദ്ര്യം.... എവിടെയെങ്കിലും തെരുവില്‍ അവസാനിക്കേണ്ടതായിരുന്നു മോറിയുടേ ജീവിതം. പക്ഷേ നമ്മള്‍ കേട്ടിട്ടുള്ള കഥകളില്‍ നിന്നു വ്യത്യസ്‌തമായി ഒരാള്‍ മോറിയുടെ ജീവിതത്തിന്‌ പ്രകാശമാകുകയായിരുന്നു, മോറിയുടെ രണ്ടാനമ്മ!! സ്നേഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും ശുഭചിന്തകളുടെയും പ്രതീകമായിരുന്ന ആ സ്‌ത്രീയാണ്‌ മോറിയുടെ ജീവിതത്തെ ഉന്നതങ്ങളിലേക്ക്‌ നയിച്ചത്‌. എല്ലാ ദുരിതങ്ങള്‍ക്കിടയിലും രാത്രി പാട്ടുപാടിക്കൊടുത്തും കഥപറഞ്ഞും ഉന്നതമായി പഠിക്കേണ്ടതിനെപ്പറ്റി ഓര്‍മ്മപ്പെടുത്തിയും സ്വന്തം അമ്മയെക്കാളേറെ സ്നേഹിച്ച മറ്റൊരമ്മ!
മനുഷ്യസ്നേഹിയായ ഒരധ്യാപകന്റെ മാത്രമല്ല കഠിനാധ്വാനിയായ ഒരു വിദ്യാര്‍ത്ഥിയുടെ കഥകൂടിയാണ്‌ ഈ പുസ്‌തകം!
ഓരോ നല്ല പുസ്‌തകത്തിന്റെ വായനയും നമ്മെ ചില ഭൂതകാലസ്‌മൃതികളിലേക്ക്‌ ഉണര്‍ത്തി വിടാറുണ്ട്‌. അത്തരത്തിലൊരു പുസ്‌തകമാണ്‌ മോറിയോടൊപ്പമുള്ള ചൊവ്വാഴ്ചകള്‍!

Tuesdays with Morrie. an old man, a young man and life's greatest lesson
by Mitch Albom .
Published by DOUBLEDAY. (US $7.50)

(ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ ബുക്ക്‌ ഫെയറിലെ പുസ്‌തകസ്റ്റാളുകള്‍ക്കിടയിലൂടെ ഏത്‌ പുസ്‌തകം തിരഞ്ഞെടുക്കണമെന്നറിയാതെ കാട്ടുപന്നിയെപ്പോലെ അലഞ്ഞുനടക്കുന്നതിനിടെ ഈ പുസ്‌തകം എന്നെക്കൊണ്ട്‌ നിര്‍ബന്ധിപ്പിച്ച്‌ വാങ്ങിപ്പിച്ച അപരിതിചയായ അറബിപ്പെണ്‍കുട്ടിയ്ക്ക്‌ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു!)

10 comments:

ബെന്യാമിന്‍ said...

ഭാവിയില്‍ നിങ്ങളുടെ സുഹൃത്തുക്കളുടെ കൂട്ടത്തില്‍ എന്നെയും എണ്ണേണ്ടിവരും എന്ന് അധ്യാപനത്തിന്റെ ആദ്യദിവസം പറഞ്ഞ ഒരധ്യപകന്‍ നിങ്ങള്‍ക്കുണ്ടോ..? എല്ലാ സായംകാലത്തിലും നിങ്ങള്‍ക്കൊപ്പം കളിക്കുകയും ചിരിയ്ക്കുകയും നൃത്തംവയ്ക്കുകയും സന്തോഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്‌തിരുന്ന ഒരധ്യാപകന്‍..? നിനക്കൊരു കാമുകിയുണ്ടായോ എന്ന് ചോദിക്കാനും മാത്രം സൗഹൃദത്തിലേക്ക്‌ വളര്‍ന്ന ഒരധ്യാപകന്‍..?
മോറിയോടൊപ്പമുള്ള ചൊവ്വാഴ്ചകള്‍

Anonymous said...

"നിനക്ക്‌ കഴിയാവുന്നത്ര മനുഷ്യനായിരിക്കാന്‍ നീ ശ്രമിക്കുന്നുണ്ടോ..?"
കൂടെ വരും ഈ ചോദ്യം.
മടങ്ങിപ്പോയ ചരിവുകളിലൂടെ ഉണര്‍വിന്റെ വാക്കുകള്‍.
നന്ദി.

Kalesh Kumar said...

മനോഹരമായി എഴുതിയിരിക്കുന്നു ബെന്യാമീന്‍!

ശാലിനി said...

“രാവിലെ എഴുനേല്‌കുമ്പോള്‍ ഞാന്‍ എന്റെ അവയവങ്ങള്‍ ഓരോന്നായി ചലിപ്പിക്കാന്‍ നോക്കും. എന്തിന്റെയൊക്കെ പ്രവര്‍ത്തനങ്ങള്‍ നിലച്ചുകഴിഞ്ഞു എന്നറിയാന്‍ - മോറി പറഞ്ഞതാണ്‌ - അന്നേരം മാത്രം ഞാന്‍ എനിക്കുവേണ്ടി അല്‌പം ദുഃഖിക്കും. എന്നാല്‍ ഉടന്‍ തന്നെ ഞാന്‍ എന്നില്‍ അവശേഷിക്കുന്ന നല്ല കാര്യങ്ങളെ ഓര്‍ത്ത്‌ സന്തോഷിക്കും. “

ഉള്ളതിനെ മറന്ന്, ഇല്ലാത്തതിനെ ഓര്‍ത്തു കരയുന്ന ഇന്നത്തെ ലൊകത്തില്‍ എത്ര മോറിമാരുണ്ടാവും?

ലിഡിയ said...

വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നൂ ബെന്യാമീന്‍..അദ്യാപകര്‍ മാത്രമല്ല,ഒരു നിമിഷത്തേയ്ക്ക് പോലും ജീവിതത്തിന്റെ പെരുവഴിയില്‍ കൂട്ടിരിക്കുന്ന ഓര്‍ത്തെടുക്കാനാവാത്ത നല്ല മുഖങ്ങളില്ലേ..

നന്ദി.

-പാര്‍വതി

asdfasdf asfdasdf said...

എല്ലാ സായംകാലത്തിലും നിങ്ങള്‍ക്കൊപ്പം കളിക്കുകയും ചിരിയ്ക്കുകയും നൃത്തംവയ്ക്കുകയും സന്തോഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്‌തിരുന്ന ഒരധ്യാപകന്‍..?

ബെന്യാമിന്‍, താങ്കള്‍ മനോഹരമായി എഴുതിയിരിക്കുന്നു.

ഞാന്‍ ഇരിങ്ങല്‍ said...

മോറി നമുക്കുള്ളില്‍ വേദനയും അഭിമാനവുമാകുമ്പോള്‍
അദ്ധ്യപകനെ കൊല്ലാന്‍ വാടക ഗുണ്ടകളെ ഏല്പിക്കുന്ന ഇന്നത്തെ അദ്ധ്യപക വിദ്ധ്യാര്‍ത്ഥി ബന്ധം ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുന്നു.
പ്രഫഷണലുകളായി മാറിക്കൊണ്ടിരിക്കുന്ന അദ്ധ്യാപക വിദ്ധ്യര്‍ത്ഥി ബന്ധം ഇന്ന് ഒരു ഊഷ്മളതയും നല്‍കുന്നില്ല എന്നു പറയുന്നതില്‍ വിഷമമുണ്ട്.
ഇതൊക്കെ തന്നെ ആണെങ്കിലും ചിലരെങ്കിലും മരുന്നിന് നമുക്കു മുമ്പില്‍ ഇല്ലാതില്ല. കൂട്ടുകാരനായും, ഏട്ടനായലും, അച്ഛനായും ഒരു അദ്ധ്യാപകന്‍.(ആയിരത്തില്‍ ഒന്ന് അല്ലെങ്കില്‍ പതിനായിരത്തില്‍ ഒന്ന്)
ഒരു സ്വപ്നം പോലെ..

Aravishiva said...

വളരെ നല്ല പോസ്റ്റ്.....

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

സങ്കടമുണ്ട്‌ ബെന്യാമിന്‍,
അതിന്റെ ഒരു കോപ്പി... ഇക്കരയ്‌ക്കു വരുന്ന ആരെങ്കിലുംവശം...! പറ്റില്ല, അല്ലേ?
സാരമില്ല.
പഴയ ഒരു സ്മരണികയും 'ഫ്രീസറില്‍' ഉണ്ടാവണം. ഈ പുസ്തകങ്ങളൊക്കെ എപ്പൊഴാ കൈയില്‍കിട്ടുകാാാ? - എന്നൊരു വല്ലാത്ത വെപ്രാളം!

താങ്കളുടെ 'മാന്ത്രികവിദ്യയുള്ള ഭാഷ'യ്ക്ക്‌... സലാം.

മുസാഫിര്‍ said...

ബെന്യാമിന്‍,
ഹൃദയസപര്‍ശിയായ സംഭവങ്ങള്‍ നല്ല ഭാഷയില്‍ എഴുതിയിരിക്കുന്നു.മറ്റുള്ളവര്‍ എഴുതിയ പോലെ മാതൃകകളാക്കാന്‍ പറ്റിയ അദ്ധ്യാപകര്‍ വളരെ കുറവാണെന്നു എനിക്കും തോന്നുന്നു.